മാതൃഭാഷ



പച്ചമനുഷ്യനീ ഞാന് മലനാടിന്
പച്ചപ്പു കണ്ടാല് മനം കുളിര്ക്കും.
കൊച്ചുപ്രായം മുതലുച്ചരിക്കു-
ന്നിച്ചെറു നാടിന് മധുരഭാഷ.

അമ്മിഞ്ഞയോളം മഹത്വമാര്ന്നുള്ള
ജന്മസിദ്ധമെനിക്കെന്റെ ഭാഷ.
നാവിന് വഴക്കത്തിനൊത്തൊരു ഭാഷ
കേള്വിക്കാനന്ദം തരുന്ന ഭാഷ.

ആഹാരവും പ്രാണവായുവും പോലെ
മാഹാത്മ്യമേറിയൊരെന്റെ ഭാഷ.
ചിന്തയുടേതായൊരേകകമെന്റെ
ബന്ധുരമാം മലയാള ഭാഷ.

നാവിനും കാതിനും ബുദ്ധിക്കുമെല്ലാം
ജീവന് കൊടുക്കുന്ന മാതൃഭാഷ.
അക്ഷരമാലയമ്പത്തൊന്നും ചേര്ന്നി-
ട്ടക്ഷതഭൂതി തെളിക്കും ഭാഷ.

എഴുതുമതേമട്ടിലെന്തും ചൊല്ലാന്
കഴിയുന്നതാണെന്റയീ ഭാഷ.
സ്വന്തം സത്തയെ മണ്ണോടു ചേര്ത്താത്മ-
ബന്ധം പുലര്ത്തുന്ന മാതൃഭാഷ.

ഭാഷകളേറെപ്പഠിച്ചാലും മാതൃ-
ഭാഷക്കേ ശ്രേഷ്ഠത കൈവന്നിടൂ.
ഉള്ളുതുറക്കുവാനുള്ളം കുളിര്ക്കാന്
ഉല്ലാസം കൈക്കൊണ്ട മാതൃഭാഷ.

നമ്മള് തരിച്ചറിയാത്ത നന്മുത്താ-
ണമ്മ പഠിപ്പിച്ച മാതൃഭാഷ.
നാമെന്നും നമ്മളായ‌്ത്തന്നെയറിയാന്
നാട്ടിന്ചുവയുള്ള മാതൃഭാഷ.