തൂലിക


തൂലികയാണെന്റെ ശക്തി അതിനൊരു
വാളിനെക്കാളുണ്ട് ശക്തി എനിക്കത്
കൈയൂക്കിനെ കീഴടക്കാനൊരായുധം
കൈയിലിരുന്നാൽ എളിയവനും തുണ.

വാളിനുമില്ല വിവേകമതേന്തുന്നൊ-
രാളിനുമില്ലേവം വെട്ടിവീഴ്ത്തും ദൃഢം.
ത്യജിച്ചു കൃപാണം പകരം പരയെ
ഭജിച്ചു ഞാൻ ലേഖനി കൈയിലേന്തുന്നു.

ഖഡ്ഗം മൃഗീയതയെ പ്രകാശിപ്പിച്ചു
സർഗ്ഗവ്യാപാരത്തെ തൂവൽ പോഷിപ്പിച്ചു.
കാടത്തം വിട്ടു മനുഷ്യനായ‌് സംസ്കാരം
നേടി ഞാൻ മണ്ണിൽ ചരിത്രം വിരചിച്ചു.

സിദ്ധിച്ചു നാമമെനിക്കു നിരൂപകൻ,
സിദ്ധാന്തവാദി
, കവി, വിപ്ളവകാരി
വോൾട്ടയർ
, ടോൾസ്റ്റോയ‌ി, റൂസ്സോ, ഹെഗല്‍‍‍, മാർക്സ്,
മാർട്ടിനെന്നെല്ലാം ഞാൻ വിഖ്യാതനായ‌്ത്തീർന്നു.

തൂലികയ‌്‌ക്കേകി വാളിന്റെ മേല്‍ക്കോയിമ
ശീലിച്ചു ഞാനാത്മവിദ്യയെ പൂജിക്കാൻ.
വിണ്ടലത്തോളം ശിരസ്സുയർത്തി വിശ്വ
മണ്ഡലമൊക്കെ വിറപ്പിച്ചു ഞാൻ മർത്യൻ!


വിത്തത്തിനല്ല വിദ്യക്കാണു ധന്യത
വിത്തത്തിലുള്ളൊരമിതാശ വിട്ടു ഞാൻ
വിദ്യയാൽത്തന്നെ
സ്വതന്ത്രനായ‌്ത്തീര്ന്നിപ്പോള്
സദ്യഃസ്ഫുടം തൂലികയ‌്ക്കു നമോവാകം.