ഇരുള്മറ


എന്തൊരു വിധിമതം! കൂരിരുള്ക്കയം തന്നില്
പന്തിയല്ലാതാക്കിയെന് ജീവിതം ക്ലേശിക്കുവാന്.

എന്തിനായ‌് നിഷേധിച്ചു വെട്ടമെന്നന്നേയ‌്ക്കുമായ‌്
അന്ധകാരത്തെ വെല്ലുവിളിയായ‌് കൈക്കൊള്ളാനോ ?

ഇരുളും വെളിച്ചവും വേര്തിരിച്ചറിയുവാന്
ഒരുവേള വ്യാമോഹം കൊള്ളുകയാണിന്നു ഞാന്.

നിറങ്ങളെന്താണെന്നും, പൂക്കളെങ്ങനെയെന്നും,
പറവക്കൂട്ടങ്ങളും, പാടത്തെ പൊന്നഴകും,

കാടിന്റെ രമ്യതയും, കുന്നും, തടിനിയും, പുല്-
മേടും, താഴ്വാരങ്ങളും കണ്ടാനന്ദിക്കാന് മോഹം.

മനുഷ്യമുഖങ്ങള് തന് വിസ്മയ ഭാവങ്ങളെ
മനസ്സിന് കണ്ണാടിയില് പകര്ത്തിക്കാണാന് മോഹം.

ഇനിയീ മോഹങ്ങള് തന് ചിറകു മുറിച്ചോട്ടെ
എനിക്കീ ഭാവന തന് ലോകത്തു ജീവിക്കേണം.

കാണായതനുഭവ പരിധിക്കുള്ളില് നിന്നും
കാണുകയല്ലയീ ഞാന്‍ ഗ്രഹിക്കുകയാണെല്ലാം.

നടനായ‌് വേഷമിട്ടു വന്നു ഞാന് ഭുവി കര്മ്മ
നാടകവേദിയിലെ തിരശ്ശീലയ‌്ക്കു പിന്നില്.

വികലഹൃദയനാമെന്നെയുമിജ്ജീവിതം
പകരംപകരമായോരോന്നും പരീക്ഷിക്കേ,

തോല്ക്കുകയല്ലയീ ഞാന് വിജയിക്കയാണെന്നും
ഉള്ക്കരുത്താര്ജ്ജിക്കയാ‌യ‌് വെല്ലുവാനെല്ലാമെല്ലാം.

അനുകമ്പയല്ലംഗീകാരമാണെനിക്കതി-
നനുകൂലമായ‌് വേണ്ടതെന്നുമീ സമൂഹത്തില്.

അന്ധനെന്നതിലേറെ ശാപമാകുന്നതെന്റെ
അന്ധതയോടന്യര് തന് നിന്ദ്യമാം മനോഭാവം.

നയന പരിമിതിയെന്നതൊരസൗകര്യം
ഭയപ്പെടാനുള്ളൊരു വിപത്തായ‌് കരുതേണ്ട.


അപ്രതിരോധ്യമാകും ആത്മീയ ശക്തികൊണ്ട്
നിഷ്പ്രയാസം ഞാനതിജീവിക്കും വൈകല്യത്തെ.