പാരതന്ത്ര്യം



കിട്ടിയിട്ടില്ല സ്വാതന്ത്ര്യമിന്നോളവും
വിട്ടുപോയില്ല വിദേശികളിന്ത്യയെ !
ആരൊക്കെയോ നമ്മെ എന്നും നിയന്ത്രിച്ചു -
പോരുന്ന ദുസ്ഥിതി പാരതന്ത്ര്യം തന്നെ.

പാശ്ചാത്യർക്കിന്നും അധീനമാണെങ്കിലോ
സ്വാച്ഛന്ത്യമെന്തുണ്ട് പിന്നെ നിരൂപിച്ചാൽ ?
ഏതാനുംപേർക്കിന്ത്യ സ്വന്തമായ്ത്തീർന്നതോ
സ്വാതന്ത്ര്യം കിട്ടിയെന്നുദ്ഘോഷിക്കുന്നു നാം ?

ശാന്തിയും ക്ഷേമവും പുലരേണ്ട നാട്ടിൽ
ഗാന്ധിജിയും രാമരാജ്യവും മണ്ണായി.
കൈപ്പിടിയിലാക്കി വിൽക്കയല്ലേ ഗാന്ധി -
ത്തൊപ്പിയും ചക്കയും കാഴ്ചവസ്തുക്കളായ് !

അടിമത്തമിന്നുമീ ഭാരത ഭൂവിൽ
കൊടികുത്തി വാഴുമ്പോഴുണ്ടോ യദൃച്ഛ ?
ഉണ്ടും ഉറങ്ങിയും ഒന്നുമറിയാതെ
മണ്ടന്മാരായ് വാഴ്വതല്ലേയടിമത്തം?

അലസരും സ്വാർത്ഥരുമായ് നമ്മളെന്നും
പുലരുന്ന ജീവിതം ദുഷ്കരമല്ലേ ?
രാഷ്ട്രീയം സ്വാർത്ഥതയ്ക്കുള്ളൊരുപാധിയായ്
രാഷ്ട്രത്തോടാർക്കും പ്രതിബദ്ധതയില്ല.

തകരുകയല്ലേ സ്വയം മതം, ഭോഗ
സുഖം, മദ്യം, രാഷ്ട്രീയമെന്നിവ മൂലം
എത്രയധഃപതിക്കുന്നുവോ നാട്ടുകാർ -
ക്കത്രയ്ക്കധമരാകില്ലേ നേതാക്കളും?

ദുര്യോഗമല്ലേ ശകുനിമാർക്കിന്ത്യയിൽ
ദുര്യോധനൻമാരെ ഭരണത്തിലേറ്റാൻ
നീചരാം ദുശ്ശാസനന്മാരും, കൃമീര
കീചകന്മാരും കൊടുക്കുന്നു പിൻബലം.                                                                                                                                    
 സമ്മതിദാനമൊരവകാശം നാടിൻ
നന്മയ്ക്കായ് വിനിയോഗിക്കാൻ കഴിഞ്ഞെങ്കിൽ ;
അല്ലായ്കിൽ ദുർമതികൾക്ക് തുണയാകും
ഉല്ലംഘിക്കാനുമാവില്ലല്ലോ ചൂഷണം.

നേരിട്ടറിയാത്തൊരാൾക്കോട്ടു ചെയ്യുവാൻ
പ്രേരിതരാവകുന്നോരല്ലയോ വിഡ്ഢികൾ ?
പങ്കാളിത്തമവർക്കുണ്ടോ ഭരണത്തിൽ
തൻകാര്യം നോക്കുന്ന സാമാജികരുമായ് ?

പുറമേ തിളങ്ങുന്നതിന്റെ പിന്നാലെ
പൊറുതിയില്ലാതെ പായുന്ന ജനങ്ങൾ
അറിവ് സ്വായത്തമാക്കീടണം തിരി -
ച്ചറിവുമല്ലെങ്കിലിന്ത്യക്കധോഗതി.
..............................................................