പ്രിയമുള്ളവരേ,
പഴയ ഒരു എഴുത്തുകാരനാണ് ‍ഞാന്‍. പക്ഷേ, പുസ്തക രൂപത്തില്‍ എന്റെ ഒരു കൃതി വെളിച്ചം കാണുന്നത് ആദ്യമായിട്ടാണ്. മുന്‍ കാലങ്ങളില്‍ ഇങ്ങനെയൊരു സംരംഭത്തിന് ഞാന്‍ മുതിര്‍ന്നിട്ടില്ല; അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 'ഇരുളും വെളിച്ചവും' എന്ന പേരില്‍ എന്റേതായി ഒരു പുസ്തകം ഇറങ്ങുകയാണ്. ഇതില്‍ 28 കവിതകളുണ്ട്. പ്രഭാത് ബുക്ക് ഹൗസാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. 
വിവിധ വിഷയങ്ങളെ പ്രതിപാദിച്ചുകൊണ്ടുളള കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയും ബാദ്ധ്യതയും മാനവികതയും പരസ്പരമുള്ള സ്നേഹവും ഒത്തൊരുമയും ഒക്കെ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ കവിത്വമാണ് ഇതില്‍ പ്രകടമാകുന്നത്. എല്ലാ കവിതകളും വൃത്തനിബദ്ധമാണ്. കവിതകള്‍ക്ക് സംഗീതാത്മകതയും, ഭാഷാ സൗകുമാര്യവും വേണമെന്ന പക്ഷത്താണ് ഞാന്‍. ആധുനിക കവിതകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഇതിലെ കവിതകള്‍ നിങ്ങള്‍ വായിച്ച് വിലയിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.